Search This Blog

Wednesday, September 2, 2009

ഓര്‍മകളുടെ പുതപ്പ് By: MAMMOOTTY

ഓണത്തെ കുറിച്ചു എന്തെഴുതണമെന്ന് നാനിങനെ ആലോചിക്കുകയാണ്. എല്ലാം എഴുതിയും പറഞ്ഞും കഴിഞ്ഞു. പല കാലങ്ങളിലൂടെ... പല ഓണങ്ങളിലൂടെ... ഓര്‍മകളുടെ കുന്നും മലയും കയറി പൂക്കളിറുത്തു പൂക്കൂടയിലാക്കി എത്രയോ വട്ടം സമര്‍പിച്ചു കഴിഞ്ഞു. ചെമ്പിലെ ബാല്യ കാലത്തേ ഓണം, എന്നിലെ സിനിമാകാരന്റെ ഓണം. സെറ്റിലെ ഓണം, വീട്ടിലെ ഓണം അങ്ങനെ ഓര്‍മകളുടെ നൂറുനൂറു പൂക്കളങ്ങള്‍... ഇന്റര്‍നെറ്റില്‍ എന്റെ ബ്ലോഗ് എഴുതിതുടങ്ങിയതോടെ വിഷയങ്ങളെത്തേടി ചിലപ്പോഴൊക്കെ മനസ് പായും. എന്തെഴുതണം എന്ന് ഒരിക്കലും എന്നിക്ക് ആലോചികേണ്ടി വന്നിട്ടില്ല. വിഷയങ്ങള്‍ മനസിനെ തേടി എത്തുകയാണ് പതിവ്.

"പതിനേഴുവര്ഷം മുമ്പു ഒരു പുതു വര്‍ഷരാവില്‍ വാല്‍സല്യത്തിന്റെ സെറ്റില്‍വച്ച് ഒരു കാരണവും ഇല്ലാതെ എന്നെ കെട്ടിപിടിച്ചു കരഞ്ഞത് എന്തിനായിരുന്നു? പിന്നീട് പലതവണ ചോദിചെങ്കിലും ലോഹി ഈ ചോദ്യത്തിന് ഉത്തരം നല്‍കിയില്ല. എന്തായിരുന്നു ആ നൊമ്പരത്തിന് പിന്നിലെന്ന് ഞാനിനി ആരോട് ചോദിക്കും?" ലോഹിയെ കുറിച്ചു ബ്ലോഗില്‍ എഴുതുമ്പോള്‍ മനസ് നീറിപ്പിടയുകയായിരുന്നു.

വലിയ വിയോഗങ്ങള്‍ എന്നില്‍ ഏല്‍പിച്ച ആഘാതങ്ങളുടെ ഓണം കൂടിയാണ് കടന്നുവരുനത്‌. ലോഹിക്ക് പിന്നാലെ രാജന്‍ പി ദേവും മുരളിയും കടന്നുപോകുമ്പോള്‍ തളര്‍ന്നുപോകുന്നു.

എത്ര വലുതാണ്‌ മലയാള സിനിമയുടെ വലുപ്പമെന്നു ഞാന്‍ ചിലപ്പോഴൊക്കെ ആലോചിക്കാറുണ്ട്. ദേശീയ തലത്തില്‍ കിട്ടിയ അവാര്‍ഡുകളുടെ എണ്ണമെടുത്താല്‍ നമ്മള്‍ എത്രയോ മുന്നിലാണ്. ഒരു ചെറിയ ജനത, ഒരു ചെറിയ ഭാഷ നേടിയ വലുപ്പമല്ലേ ഇതെല്ലം... സിനിമയുടെ സാങ്കേതികതയെക്കുറിച്ച് സാധാരണ പ്രേക്ഷകന്‍പോലും ആവേശത്തോടെ ചര്ച്ച ചെയ്യുന്ന കാലമാണിത്. അധികം ടെക്നിക്കിന്റെ ആവശ്യം സിനിമയിലുണ്ട് എന്നെനിക്കു തോനുനില്ല. സിനിമയുടെ ഉള്ളടക്കത്തിലാണ് കാര്യം . ഫ്രെയ്മുകളുടെ ഭംഗിയൊക്കെ സ്വാഭാവികമായി ഉണ്ടാകേണ്ടതാണ്. പിന്നെ എടുത്തുവിരട്ടലോക്കെ എത്രമാത്രം വേണമെന്ന് ആലോചികേണ്ടാതാണ്. ഏറ്റവും അത്യാവശ്യം വേണ്ട ചില സാങ്കേതികവിദ്യകള്‍ നമ്മള്‍ സ്വായത്തമാകണം. സിങ്ക് സൌണ്ട് സിസ്ടമാണ് അതിലൊന്ന്. അതായത് സെറ്റില്‍ ചിത്രീകരണം നടക്കുമ്പോള്‍തന്നെ പറയുന്ന ഡയലോഗ് റെക്കോര്‍ഡ്‌ ചെയ്തു സിനിമയില്‍ ഉപയോഗിക്കുന്ന രീതി. അത്രയും ഇമോഷണലായി നമ്മള്‍ ഒരു സീനിനെ സമീപിക്കുമ്പോള്‍ ചെയുന്ന ഡയലോഗിന്റെ തീവ്രത ഡബ്ബിംഗ് തിയേറ്ററില്‍ ഇരുന്നാല്‍ കിട്ടില്ല. അമരത്തിന്റെയൊക്കെ പൈലറ്റ്‌ ട്രാക്ക് കേട്ടപ്പോള്‍ പലപ്പോഴും എന്റെ കണ്ണ്നിറഞ്ഞിട്ടുണ്ട്‌. പക്ഷെ സാങ്കേതികതയുടെ കുറവ്മൂലം ആ ട്രാക്ക് സിനിമയില്‍ ഉപയോകിക്കാന്‍ കഴിഞില്ല. റസൂല്‍ പൂക്കുട്ടിയെപ്പോലെയുള്ള നമ്മുടെ ശബ്ദ വിന്യാസ സാധ്യതകള്‍ക്ക് ഓസ്കാര്‍ അംഗീകാരം ലഭിച്ചിട്ടും നമുക്കിപ്പോഴും സിങ്ക് സൌണ്ട് ടെക്നിക് പ്രയോഗിക്കാന്‍ കഴിഞിട്ടില്ല. മലയാള സിനിമയില്‍ ഈ സാങ്കേതികവിദ്യയോടെ ഞാന്‍ അഭിനയിക്കുന്ന ലൌഡ് സ്പീക്കര്‍ എന്ന സിനിമയുടെ ചിത്രീകരണം നടന്നുവരികയാണ്‌ . ഭാഷ അറിയാത്ത നടിയാണ് എങ്കില്‍ അപ്പോള്‍ത്തന്നെ ചിത്രീകരണ വേളയില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് നെ ഉപയോഗികാം. സിനിമ കൂടുത ജീവിത ഗന്ധിയാകുന്നതും സ്വാഭാവികമാകുന്നതും ഇത്തരം ഇടപെടലുകളിലൂടെയാണ്‌.

സുബ്രമണ്യപുരവും പരുത്തിവീരനും ഇവിടെ വരുനില്ല എന്ന് ആശങ്കപെടുന്നവരുണ്ട്. ഞാനൊന്ന് ചോദിക്കട്ടെ; തമിഴിലെ വെയില്‍ എന്ന സിനിമ ചിത്രീകരിച്ചതുപോലൊരു സ്ഥലം ഈ കേരളത്തില്‍ എവിടെയെങ്കിലും ഉണ്ടോ? നമ്മുടേത് സെമി അര്‍ബന്‍ സൊസൈറ്റിയാണ്. ഓരോ ഗ്രാമവും ഒരു ചെറു പട്ടണമാണ്‌. പക്ഷെ കഥയുടെ കാമ്പും കഴമ്പും ഇവിടെനിന്നും കണ്ടെത്താം. വെണ്ണിലാകബടിക്കൂട്ടം പോലൊരു കഥ മലപ്പുറത്തെ സെവന്‍സ്‌ ഫുട്ബോളിന്റെ പശ്ചാത്തലത്തിലും ആലോചിച്ചുകൂടായിരുന്നോ? നല്ല കഥയ്ക്ക്‌ ഇപ്പോഴും കാഴ്ച്ചക്കാരുണ്ട്.

വീണ്ടും ഓണത്തിലേക്ക് വരാം. ഉത്സവകാലങളില്‍ മലയാളി ചിലപ്പോഴൊക്കെ കബളിപ്പിക്കപെടുകയാണെന്ന് ഓണവും മറ്റ് ആഘോഷങ്ങളും നമ്മളെ ഓര്‍മിപ്പിക്കുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഒരു പവന്‍ ഫ്രീ എന്നൊക്കെയാണ് ചില ഓഫറുകള്‍. ആഘോഷങ്ങലോടുള്ള ആത്മര്തതയില്‍ നമ്മള്‍ തിമിര്‍ക്കുമ്പോള്‍ ചില കാര്യങ്ങളില്‍ വഞ്ചിക്കപ്പെടുകയാണ് എന്ന് തോന്നിപ്പോകുന്നു . ഒരു വര്‍ഷത്തില്‍ പതിനൊന്നു മാസവും ഒരു വില ഉത്സവകാലത്ത് മറ്റൊരു വില എന്ന് വിപണി പറയുമ്പോള്‍ പതിനൊന്നു മാസവും വില കൂട്ടിവാങ്ങുകയാണോ എന്ന് ചിന്തിക്കാനും തോന്നുന്നു. പക്ഷെ ഓണം നമ്മുടേത് മാത്രമാണ്. ചിങ്ങത്തെ കൊയ്തുല്സവമെന്നതിനെക്കാള്‍ വസന്തോല്സവമെന്നും വിളിക്കാം. പുതിയ കോടി... സമൃദ്ധി... ഐശ്വര്യം.. ഓണം ഓര്‍മ്മകള്‍ കൊണ്ട് വീണ്ടും നമ്മളെ മൂടിപ്പുതയ്ക്കുന്നു.

http://blog.mammootty.com/2009/08/blog-post.html

No comments:

Post a Comment