Search This Blog

Wednesday, September 2, 2009

കേരള ആഴക്കടലില്‍ പ്രകൃതിവാതകം കണ്ടെത്തി

കൊച്ചി: കേരളത്തിന്റെ ആഴക്കടലില്‍ എണ്ണസാന്നിധ്യം അറിയിച്ച്‌ പ്രകൃതിവാതകം കണ്ടെത്തി മലയാളികള്‍ക്കൊരു ഓണസമ്മാനം. ഇന്നലെ രാവിലെയാണ്‌ ചെളിക്കൊപ്പം പ്രകൃതിവാതകം ഉയര്‍ന്നുവന്നത്‌. ഇതേത്തുടര്‍ന്ന്‌ ഖനനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു. വാതകപ്രവാഹം നിയന്ത്രിച്ച ശേഷമേ ഖനനം പുനരാരംഭിക്കുകയുളളൂവെന്ന്‌ കേന്ദ്ര എണ്ണ-പ്രകൃതി വാതക കോര്‍പറേഷന്‍ (ഒ.എന്‍.ജി.സി) വൃത്തങ്ങള്‍ വെളിപ്പെടുത്തി. കേരളത്തിന്റെ വ്യവസായിക വളര്‍ച്ചയ്‌ക്ക് ഏറെ നിര്‍ണായകമായേക്കാവുന്ന കണ്ടെത്തലാണിത്‌. ഖനനം സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന്‌ 2,200 മീറ്റര്‍ പിന്നിട്ടപ്പോഴാണ്‌ വാതകം കണ്ടത്‌. വെളളിയാഴ്‌ച വൈകിട്ടോടെ 1,600 മീറ്റര്‍ ഖനനം പൂര്‍ത്തിയായിരുന്നു.

ചുണ്ണാമ്പുകല്ലു പ്രദേശത്ത്‌ ഖനനം നടക്കുന്നതിനിടെ മണ്ണിനൊപ്പം വാതകം മുകളിലേക്കു വരികയായിരുന്നു. വാതകപ്രവാഹം നിയന്ത്രിക്കാനാകാതെ വന്നതിനാല്‍ ബ്ലോ ഔട്ട്‌ പ്രിവന്റര്‍ എന്ന ഉപകരണം ഉപയോഗിച്ച്‌ വാതകക്കിണര്‍ അടച്ചുവച്ചിരിക്കുകയാണ്‌. വാതകത്തിന്റെ മര്‍ദ്ദം നിയന്ത്രിച്ചശേഷം രണ്ടുദിവസത്തിനകം ഖനനം പുനഃരാരംഭിക്കാനാവും. ഹൈഡ്രോ കാര്‍ബണ്‍ സാന്നിധ്യ മേഖലയിലേക്കു പ്രവേശിച്ചപ്പോഴാണ്‌ പ്രകൃതിവാതകം പുറത്തേക്കു വന്നത്‌. ബാക്കിയുളള 2,300 മീറ്റര്‍ ഭാഗത്ത്‌ വാതകത്തള്ളല്‍ ഏറിവന്നേക്കാം. ഡീഗ്യാസര്‍ ഉപയോഗിച്ച്‌ വാതകം റിഗിനു മുകളിലേക്കു വലിച്ചു കളയുന്ന പ്രവര്‍ത്തനം നടക്കുകയാണ്‌.

കിണര്‍ സംരക്ഷിക്കാനാണ്‌ ഇങ്ങനെ ചെയ്യുന്നത്‌. അല്ലെങ്കില്‍ പൊട്ടിത്തെറിച്ച്‌ കണ്ടക്‌ടര്‍ കേസിംഗിന്‌ നാശം സംഭവിക്കാം. 1,600 മീറ്റര്‍ പിന്നിട്ടതോടെ ഹൈഡ്രോ കാര്‍ബണ്‍ ഉണ്ടാകാനുളള ആദ്യ സാധ്യത (ഫസ്‌റ്റ് സോണ്‍ ഓഫ്‌ ഇന്ററസ്‌റ്റ്) രണ്ടാഴ്‌ചക്കുള്ളില്‍ വ്യക്‌തമാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. മുന്നോട്ടുളള ഖനനത്തില്‍ ഇത്തരത്തിലുളള സോണുകള്‍ കൂടുതല്‍ പ്രത്യക്ഷമാകുമെന്നാണു കരുതുന്നതെന്ന്‌ ഒ.എന്‍.ജി.സി. വൃത്തങ്ങള്‍ പറഞ്ഞു. വാതകമേഖലയ്‌ക്കു താഴെയാണ്‌ എണ്ണപ്പാടം.

പുറന്തളളുന്ന വാതകം അന്തരീക്ഷത്തിലേക്കു തുറന്നു വിടും. വന്‍തോതിലായാല്‍ കത്തിച്ചു കളയാനുളള സംവിധാനവും റിഗിലുണ്ട്‌. പൈപ്പിന്‌ അകത്തേക്കും പുറത്തേക്കും വരുന്ന വാതകത്തെ ശരിയായി നിയന്ത്രിച്ചശേഷമാകും ഖനനം പുനഃരാരംഭിക്കുക.

രാജ്യത്തെ ആദ്യത്തെ ആഴക്കടല്‍ ഖനനത്തിനു കഴിഞ്ഞ മാസം രണ്ടിനാണ്‌ ഒ.എന്‍.ജി.സി. കേരള-കൊങ്കണ്‍ തടത്തില്‍ തുടക്കം കുറിച്ചത്‌. ഒരുമാസത്തിനുളളില്‍ ആദ്യ സൂചന നല്‍കാന്‍ കഴിയുമെന്നു ഒ.എന്‍്‌ജി.സിയുടെ സി.എം.ഡി. ശര്‍മ അന്നു പറഞ്ഞിരുന്നു. പ്രകൃതിവാതകം കണ്ടെത്തിയ വിവരം ഒ.എന്‍.ജി.സി. പിന്നീട്‌ ഔദ്യോഗികമായി വെളിപ്പെടുത്തും.

No comments:

Post a Comment