മതിലിന്റെയും കാരാഗൃഹത്തിന്റെയും മറവുകള്‍ക്കപ്പുറത്തേക്ക് വളര്‍ന്ന ബഷീറിന്റെ പ്രണയകഥ അടൂര്‍ പറഞ്ഞു നിര്‍ത്തിയിടത്തു നിന്ന് വീണ്ടും തുടങ്ങുന്നു.
ഒരു മതിലിനിരുപുറവും നിന്ന് പരസ്‌പരം കാണാതെ സ്‌നേഹത്തിന്റെ വികാരവായ്‌പുകള്‍ പങ്കുവെച്ച പ്രണയ മിഥുനങ്ങളുടെ കഥ ബഷീറിയന്‍ ശൈലിയില്‍ തന്നെ അടൂര്‍ അഭ്രപാളികളിലേക്ക് പകര്‍ത്തിയപ്പോള്‍ മലയാളിക്കതൊരു പുത്തന്‍ അനുഭവമായിരുന്നു.പെടുന്നനെ ഒരു ദിനം കാരാഗൃഹവാസത്തില്‍ നിന്നും വിടുതല്‍ നേടി ബഷീര്‍ മടങ്ങുന്നത് പ്രേക്ഷകനില്‍ ചെറിയൊരു നൊമ്പരം ബാക്കിയാക്കിയാണ്.
ജയില്‍ നിന്ന് ബഷീര്‍ പുറത്തുകടക്കുമ്പോഴും താനൊരിയ്‌ക്കലും ഇതുവരെ നേരില്‍ കണ്ടിട്ടില്ലാത്ത കാമുകനെ തേടിയുള്ള നാരായണിയുടെ മരക്കൊമ്പ് മതിലനപ്പുറത്ത് ഉയര്‍ന്നു പൊങ്ങുന്നുണ്ടായിരുന്നു. ഈയൊരു ഫ്രെയിമിലാണ് അടൂര്‍ മതിലുകള്‍ പറഞ്ഞു നിര്‍ത്തിയത്.
അതിന് ശേഷം നാരായണിയ്‌ക്ക് എന്തു സംഭവിച്ചു. അവരുടെ പ്രണയത്തിനെന്തുണ്ടായി? ബഷീര്‍ ശരിയ്‌ക്കും നാരായണിയെ പ്രണയിച്ചിരുന്നുവോ? ഈ ചോദ്യങ്ങള്‍ക്കുത്തരം തേടുന്നത് പ്രസാദ് എന്നൊരു ചെറുപ്പക്കാരനാണ്. മതിലുകള്‍ എന്ന ക്ലാസിക് ചിത്രത്തിന്റെ തുടര്‍ച്ചയായി മതിലുകള്‍ക്കപ്പുറം എന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കി പ്രസാദ് കാത്തിരിയ്‌ക്കാന്‍ തുടങ്ങിയിട്ട് മൂന്ന് വര്‍ഷങ്ങള്‍.
മതിലുകള്‍ക്കപ്പുറത്തിന്റെ സംവിധാനഭാഷ്യം ചമയ്‌ക്കാനുള്ള പ്രസാദിന്റെ കാത്തിരിപ്പ് ഒടുവില്‍ തീരുകയാണ്. അതിനുള്ള വഴിയൊരുക്കുന്നത് വേറാരുമല്ല യഥാര്‍ത്ഥ ബഷീറിനെ അതിനെക്കാള്‍ നന്നായി അഭ്രപാളികളില്‍ പകര്‍ത്തിയ മമ്മൂട്ടി തന്നെ. ഇവര്‍ക്കൊപ്പമുള്ളത് ചില്ലറക്കാരൊന്നുമല്ല, ഓസ്‌കാര്‍ പുരസ്‌ക്കാരത്തിലൂടെ രാജ്യത്തിന്റെ അഭിമാനമായി മാറിയ റസൂല്‍ പൂക്കുട്ടി, ബോളിവുഡിലെ ഹിറ്റ് ക്യമറമാന്‍ രവി ചന്ദ്രന്‍, മലയാളി ബോളിവുഡ് താരം വിദ്യാബാലന്‍ എന്നിവരൊക്കെയാണ്.
കലാഭവന്‍ മണിയെ നായകനാക്കി പാഞ്ചജന്യം എന്നൊരു പരാജയ ചിത്രം സംവിധാനം ചെയ്‌തതിന്റെ മേല്‍വിലാസവുമായാണ് പ്രസാദ് തന്റെ സ്വപ്‌നതുല്യമായ പുതിയ ചിത്രത്തിലേക്ക് കടക്കുന്നത്. സ്വത്തുക്കള്‍ പണയം വെച്ച് പൂര്‍ത്തിയാക്കിയ പാഞ്ചജന്യം ബോക്‌സ്‌ഓഫീസില്‍ തകര്‍ന്നതിനെ തുടര്‍ന്ന് ആത്മഹത്യയുടെ വക്കിലെത്തിയതായിരുന്നു പ്രസാദ്. എന്നാല്‍ സൗഹൃദങ്ങള്‍ ഇയാളെ ജീവിതത്തിലേക്കും പിന്നെ സിനിമയിലേക്കും തിരിച്ചെത്തിച്ചു.
ബഷീര്‍ രചനകളുടെ ആവര്‍ത്തിച്ചുള്ള വായനയിലൂടെയാണ് മതിലുകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിന്റെ ആശയം മനസ്സില്‍ തെളിഞ്ഞത്. ഏറെനാളത്തെ പ്രയത്‌നം കൊണ്ട് തിരക്കഥ പൂര്‍ത്തിയാക്കിയതിന് ശേഷം തന്റെ പുതിയ ആശയം അവതരിപ്പിയ്‌ക്കാനായി മമ്മൂട്ടിക്ക് മുമ്പിലെത്തിയ പ്രസാദിനോട് മതിലുകള്‍ അവസാനിച്ചതല്ലേയെന്നായിരുന്നു താരം ചോദിച്ചത്. എന്നാല്‍ മതിലുകള്‍ക്കപ്പുറത്തിന്റെ സാധ്യത മമ്മൂട്ടിയെ പറഞ്ഞു മനസ്സിലാക്കാന്‍ സാധിച്ചതോടെ പ്രസാദിന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറകുമുളച്ചു. കഥ പറഞ്ഞെങ്കിലും സിനിമയെടുക്കാന്‍ കാശില്ലെന്ന് പറഞ്ഞ പ്രസാദിനോട് സിനിമ താന്‍ തന്നെ നിര്‍മിയ്‌ക്കാമെന്നാണ് മമ്മൂട്ടി പറഞ്ഞു. ഡേറ്റില്ലാത്തതിനാല്‍ കുറച്ചു നാള്‍ കാത്തരിയ്‌ക്കാനും മമ്മൂട്ടി പ്രസാദിനോട് നിര്‍ദ്ദേശിച്ചു
മമ്മൂട്ടി നല്‍കിയ ഉറപ്പിന്റെ പിന്‍ബലത്തില്‍ ഓസ്‌കാര്‍ ജേതാവായതിന് ശേഷം കേരളത്തിലെത്തിയ റസൂലിനെ നേരില്‍ക്കണ്ട് പ്രസാദ് തന്റെ തിരക്കഥ അവതരിപ്പിച്ചു. നാരായണിയുടെ വീക്ഷണത്തിലുള്ള മതിലുകള്‍ക്കപ്പറം എന്ന തിരക്കഥയുടെ സാധ്യതകള്‍ മനസിലാക്കിയ റസൂലാണ് മതിലുകള്‍ക്കപ്പുറം എന്ന പ്രൊജക്ടിനെ സജീവമാക്കിയത്.
റസൂല്‍ തന്നെ നേരിട്ട് രവിചന്ദ്രനെന്ന തിരക്കുള്ള ക്യാമറമാനേയും ബോളിവുഡില്‍ താരസുന്ദരിയായി വിലസുന്ന വിദ്യാ ബാലനെയും മതിലുകള്‍ക്കപ്പുറം എന്ന ചിത്രവുമായി സഹകരിപ്പിയ്‌ക്കാനുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. കാര്യങ്ങള്‍ എല്ലാം നേരാവണ്ണം നീങ്ങിയാല്‍ ഉടന്‍ തന്നെ മമ്മൂട്ടി നേതൃത്വം നല്‍കുന്ന പ്ലേഹൗസ് മതിലുകള്‍ക്കപ്പുറം എന്ന ചിത്രത്തിന്റെ നിര്‍മാണം ആരംഭിയ്‌ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
http://thatsmalayalam.oneindia.in
Search This Blog
Tuesday, September 1, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment