Search This Blog

Tuesday, August 25, 2009

ലോഹിയുടെ മക്കള്‍ സംവിധായകരാവുന്നു


പറയാന്‍ ഒത്തിരിക്കഥകള്‍ ബാക്കിയാക്കി നമ്മെ വിട്ടു പിരിഞ്ഞ പ്രിയപ്പെട്ട കഥാകാരന്‍ ലോഹിതദാസിന്റെ മക്കള്‍ സംവിധാന രംഗത്തേക്ക്‌. ലോഹിയുടെ മക്കളായ ഹരികൃഷ്‌ണനും വിജയ്‌ ശങ്കറുമാണ്‌ സംവിധായകരാവുന്നത്‌. പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന തമിഴ്‌ ചിത്രത്തിലൂടെയാണ്‌ ഇവരുടെ അരങ്ങേറ്റം.

അന്തരിയ്‌ക്കുന്നതിന്‌ മുമ്പ്‌ പൃഥ്വിയെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാന്‍ ലോഹിതദാസ്‌ പദ്ധതിയിട്ടിരുന്നു. ഈ സിനിമയുടെ വണ്‍ലലൈന്‍ പൃഥ്വിയോട്‌ അദ്ദേഹം പറയുകയും ചെയ്‌തിരുന്നു. എന്നാല്‍ ഇതിന്റെ ആലോചനകള്‍ നടക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ മരണം.

കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ ലോഹിയുടെ ഭാര്യ സിന്ധു പൃഥ്വിയെ നേരിട്ട്‌ വിളിച്ച്‌ പ്രൊജക്ടുമായി മുന്നോട്ട്‌ പോകാന്‍ താത്‌പര്യമുണ്ടോയെന്ന്‌ തിരക്കിയിരുന്നു. തുടര്‍ന്ന്‌ പൃഥ്വി നേരിട്ടെത്തി സിന്ധുവിനെ കാണുകയും സിനിമയെക്കുറിച്ച്‌ സംസാരിയ്‌ക്കുകയും ചെയ്‌തു. തുടര്‍ന്നാണ്‌ ഹരി-വിജയ്‌ ചിത്രത്തില്‍ അഭിനയിക്കാന്‍ പൃഥ്വി സമ്മതം മൂളിയത്‌.

ഒരു സഹോദരന്റെ സ്ഥാനത്തു നിന്ന്‌ ഇരുവര്‍ക്കും വേണ്ട സഹായസഹകരണങ്ങളും തന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന്‌ പൃഥ്വി വ്യക്തമാക്കിയിട്ടുണ്ട്‌. ലോഹിയുടെ കഥയ്‌ക്ക്‌ തമിഴില്‍ തിരക്കഥയും സംഭാഷണവും രചിയ്‌ക്കുന്നത്‌ ജയമോഹനാണ്‌. ഡിസംബറില്‍ ഷൂട്ടിങ്‌ ആരംഭിയ്‌ക്കാമെന്ന്‌ പ്രതീക്ഷിയ്‌ക്കുന്ന ചിത്രത്തിന്റെ താരനിര്‍ണയം നടക്കുകയാണ്‌.

ലോഹിയുടെ ഒരു കഥ അദ്ദേഹത്തിന്റെ സംവിധാനത്തിന്‌ കീഴില്‍ തനിയ്‌ക്ക്‌ ചെയ്യാന്‍ കഴിയാതെ പോയതിനെക്കുറിച്ച്‌ അദ്ദേഹത്തിന്റെ മരണ ശേഷം പൃഥ്വി അനുസ്‌മരിച്ചിരുന്നു. ആ ആഗ്രഹം സഫലമായില്ലെങ്കിലും ലോഹിയുടെ തന്നെ കഥയില്‍ അദ്ദേഹത്തിന്റെ മക്കള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരമാണ്‌ പൃഥ്വിയെ തേടിയെത്തിയിരിക്കുന്നത്‌.

No comments:

Post a Comment