Search This Blog

Tuesday, August 11, 2009

മലയാളി സുന്ദരി......................


മിസ്‌ കേരള മത്സരത്തിലെ റണ്ണര്‍ അപ്പ്‌, നടി, മോഡല്‍, നര്‍ത്തകി ഈ പേരുകളെല്ലാം റിമയ്‌ക്ക്‌ ചേരും. അതേ കഥപറയുന്ന കണ്ണുകളുമായി ചലച്ചിത്രലോകത്തേയ്‌ക്ക്‌ കടന്നുവന്നിരിക്കുന്ന മലയാളി സുന്ദരി റിമ കല്ലിങ്കല്‍.

ഐടി നഗരമായ ബാംഗ്ലൂരില്‍ പഠനവും നൃത്തപരിശീലനവുമൊക്കെയായി നടക്കുന്ന കാലത്ത്‌ ഒരിക്കലും ഈ പെണ്‍കുട്ടി വിചാരിച്ചിട്ടുണ്ടാവില്ല വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തില്‍ താനിങ്ങനെ നില്‍ക്കുമെന്ന്‌. നൃത്തത്തില്‍ അതീവ തല്‍പരയാണെങ്കിലും അഭിയന രംഗത്തൊന്നും താനെത്തുമെന്ന്‌ പ്രതീക്ഷിച്ചിരുന്നില്ലെന്ന്‌ റിമ പലപ്പോഴായി പറഞ്ഞിട്ടുണ്ട്‌.

റിമ നല്ല നടിയാണോ എന്നതിന്‌ ഉത്തരമായിരിക്കും പുറത്തിറങ്ങാനിരിക്കുന്ന ശ്യാമപ്രസാദ്‌ ചിത്രമായ ഋതു. നടിയെന്ന നിയില്‍ റിമയുടെ ആദ്യ നായികാ കഥാപാത്രമാണ്‌ ഋതുവിലേത്‌. പുതു യുവത്വത്തിന്റെ കഥ പറയുന്ന ചിത്രത്തിലെ ഗാനങ്ങളും മറ്റും ഇതിനകംതന്നെ ശ്രദ്ധ നേടിയിട്ടുണ്ട്‌.

അഞ്ചാം വയസ്സുമുതല്‍ റിമ നൃത്തം പഠിക്കുന്നുണ്ട്‌. നാലാം ക്ലാസുവരെ ഊട്ടിയിലും പിന്നീട്‌ തൃശൂരിലും ബാംഗ്ലൂര്‍ ക്രൈസ്റ്റ്‌ കോളെജിലുമാണ്‌ റിമ പഠിച്ചത്‌. ക്രൈസ്റ്റ്‌ കോളെജില്‍ ജേണലിസം പഠിക്കുന്ന കാലത്താണ്‌ റിമയ്‌ക്ക്‌ നൃത്തത്തില്‍ കൂടുതല്‍ തിളങ്ങാന്‍ കഴിഞ്ഞത്‌.

റിമയുടെ പ്രകടനം കണ്ട്‌ ബാംഗ്ലൂരിലെ നൃത്തരൂപ്യ എന്ന പ്രൊഫഷണല്‍ കോറിയോഗ്രാഫി ടീമിലേയ്‌ക്ക്‌ ക്ഷണം ലഭിച്ചു. അവിടെവച്ചാണ്‌ നൃത്തം എന്ന പ്രൊഫഷനെ റിമ തിരിച്ചറിയുന്നത്‌. നൃത്തത്തിനൊപ്പം തന്നെ മെയ്‌ വഴക്കത്തിനായി ആയോധന കലയും അഭ്യസിച്ചിട്ടുണ്ട്‌ റിമ.

2008 മിസ്‌്‌ കേരള മത്സരത്തിലെ രണ്ടാം സ്ഥാനമാണ്‌ റിമയ്‌ക്ക്‌ മോഡലിങ്‌ രംഗത്ത്‌ അവസരങ്ങള്‍ നേടിക്കൊടുത്തത്‌. ഇപ്പോള്‍ മലയാളത്തിലും തമിഴിലുമായി കൈനിറയെ അവസരങ്ങള്‍. ഋതുവിന്‌ പിന്നാലെ ലാല്‍ ജോസിന്റെ നീലത്താമരയിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ റിമ അവതരിപ്പിക്കുന്നു.

പിന്നാലെ പൃഥ്വിരാജ്‌ നായകനാവുന്ന ഷാജികൈലാസ്‌ ചിത്രത്തിലും റിമമുഖ്യവേഷത്തില്‍ എത്തുന്നുണ്ട്‌്‌. ഇതിനിടെ ലാല്‍ജോസിന്റെ ആദ്യ തമിഴ്‌ ചിത്രമായ മഴൈ വരപോകിതുവിലും റിമയാണ്‌ നായികയാവുന്നതെന്നാണ്‌ കേള്‍ക്കുന്നത്‌.

ചലച്ചിത്രലോകത്തെ അരങ്ങേറ്റം ശ്യാമപ്രസാദിനെപ്പോലെയുള്ള ഒരു മികച്ച സംവിധായകന്റെ ചിത്രത്തൂലെടെയായതും റിമയുടെ ഭാഗ്യങ്ങളില്‍ ഒന്നാണ്‌. അഭിനയത്തിരക്കുകള്‍ക്കൊപ്പം എന്നും നൃത്തത്തെയും കൂടെക്കൊണ്ടുനടക്കുമെന്ന ദൃഢനിശ്ചയത്തിലാണ്‌ റിമ.

ബാംഗ്ലൂരില്‍ കൂട്ടുകാര്‍ക്കൊപ്പം ക്ലൊഡ്‌ 9 എന്ന സ്വന്തം ഡാന്‍സ്‌ ട്രൂപ്പ്‌ നടത്തുന്നുണ്ട്‌. അഭിനയത്തിനും മോഡലിങ്ങിനുമൊക്കെ അപ്പുറത്ത്‌ നൃത്തംതന്നെയാണ്‌ തന്റെ ലോകമെന്നാണ്‌ റിമ പറയുന്നത്‌.

പലപ്പോഴും സൗന്ദര്യ മത്സരങ്ങളിലെ റണ്ണര്‍ അപ്പാകുന്ന സുന്ദരികള്‍ മോഡലിങിലും സീരിയലുകളിലും മറ്റുമായി ഒതുങ്ങിപ്പോവുകയാണ്‌ ചെയ്യുന്നത്‌. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്‌തയാണ്‌ ചുറുചുറുക്കും യുവത്വവും തുളുമ്പുന്ന ഈ താരം

2 comments: