Search This Blog

Monday, September 7, 2009

ഇരുള്‍ നിറഞ്ഞ വഴിയിലെ വിജയനക്ഷത്രം :By സി.എം. ബിജു

നക്‌സലുകളോടും ഗുണ്ടകളോടും മല്ലടിച്ചാണ് ഈ മലയാളി വീട്ടമ്മ ഝാര്‍ഖണ്ഡിലെ ഒരു ഗ്രാമത്തെ മാറ്റിയെടുത്തത്...

മുപ്പത്തിയഞ്ച് വര്‍ഷം മുന്‍പുള്ള ബിഹാര്‍ കാഴ്ചകള്‍ക്ക് ചോരയുടെ മണമായിരുന്നു. നക്‌സലുകളുടെ വാള്‍മുനയില്‍ പേടിച്ചു ജീവിച്ച അവിടത്തെ ഗ്രാമങ്ങളിലേക്കാണ് 19 വയസ്സുള്ള വിജയം നവവരന്റെ കൈയും പിടിച്ച് വണ്ടിയിറങ്ങിയത്. ഭീതിയും സങ്കടങ്ങളും നിറഞ്ഞ കാഴ്ചകളായിരുന്നു പുതിയ ദേശത്ത് ഈ മലയാളി പെണ്‍കുട്ടിയെ കാത്തിരുന്നത്.

കീറിപ്പിഞ്ഞിയ ഉടുപ്പുമിട്ട് രാവും പകലും പുളികുത്തുന്ന (പുളിങ്കുരു വേര്‍പെടുത്തുന്ന) കൊച്ചുകുട്ടികളെ അവര്‍ അമ്പരപ്പോടെ നോക്കിനിന്നു. അവര്‍ക്കിടയില്‍ സ്‌കൂളില്‍ പോയിരുന്നവര്‍ നൂറില്‍ ഒന്നോ രണ്ടോ പേര്‍ മാത്രം. മൊട്ടക്കുന്നുകളും പുകയിലപ്പാടങ്ങളും പിന്നിട്ട് നീണ്ട ഗ്രാമങ്ങളില്‍ പട്ടിണി നിറഞ്ഞുകിടന്നു. സ്‌കൂളും വാഹനങ്ങളും ആസ്​പത്രിയുമൊന്നും കാണാത്ത നാട്ടുകാര്‍. പുതിയ വിരുന്നുകാരിയെ അവര്‍ അദ്ഭുതത്തോടെ നോക്കിനിന്നു. വര്‍ഷങ്ങള്‍ ഒരുപാട് പിന്നിടുമ്പോള്‍ ചെളിനിറഞ്ഞ കാട്ടുപാതകള്‍ ടാറിട്ടു കഴിഞ്ഞു. നിറമുള്ള യൂണിഫോമിട്ട് കുട്ടികള്‍ കൃത്യമായി സ്‌കൂളിലെത്തുന്നു. തങ്ങളെ ഇങ്ങനെയൊക്കെ മാറ്റിത്തീര്‍ത്ത വിജയം എത്തുമ്പോള്‍ ഗ്രാമീണര്‍ സ്‌നേഹത്തോടെ പറയുന്നു: 'നിങ്ങള്‍ ഞങ്ങളുടെ ദൈവമാണ് ദീദി'.

ബിരുദപഠനം കഴിഞ്ഞ ഉടനെയായിരുന്നു വിജയത്തിന്റെ കല്യാണം. ജംഷഡ്പുരിലെ ടാറ്റാ സ്റ്റീലില്‍ ഉദ്യോഗസ്ഥനായിരുന്നു ഭര്‍ത്താവ് ഹരിഹരന്‍ കര്‍ത്ത. ചെറുപ്രായത്തിലെ കല്യാണം കഴിഞ്ഞ് ദൂരെ നാട്ടിലേക്ക് പോകേണ്ടിവന്ന നാട്ടിന്‍പുറത്തുകാരിക്ക് അവിടെയെന്തൊക്കെ ചെയ്യാനൊക്കും. ചോറും കറികളുമൊക്കെയുണ്ടാക്കാം, ഭര്‍ത്താവിനെയും കുട്ടികളെയും പരിപാലിക്കാം, കുറച്ചു സമയം ഉറങ്ങിത്തീര്‍ക്കാം. എട്ടു വര്‍ഷം വിജയവും അങ്ങനെതന്നെയായിരുന്നു. മക്കളെയും (വിനോദിനെയും വിനീതയെയും) നോക്കി അവര്‍ വീട്ടിലിരുന്നു. കുട്ടികള്‍ സ്‌കൂളില്‍ പോവാന്‍ തുടങ്ങിയതോടെ വിജയം വീട്ടിലൊറ്റയ്ക്കായി. ഒഴിവുനേരം മുന്നില്‍ കടലുപോലെ കിടന്നപ്പോള്‍ അവള്‍ ബി.എഡിന് ചേര്‍ന്നു. കോഴ്‌സ് കഴിഞ്ഞ് ഏറെ വൈകാതെ കേരളസമാജം മോഡല്‍ സ്‌കൂളില്‍ അധ്യാപികയായി. പക്ഷേ, കുറച്ചു കുട്ടികളെ പഠിപ്പിച്ച് നേരം പോക്കാനായിരുന്നില്ല വിജയത്തിന്റെ തീരുമാനം. പുതിയ നാട്ടിലെത്തിയപ്പോള്‍ കണ്ട ഓരോ കാഴ്ചകളും അവരുടെ മനസ്സിലോടിയെത്തി. അങ്ങനെ ഈ അധ്യാപിക സ്‌കൂളിന്റെ ചുറ്റുവട്ടം വിട്ട് ഗ്രാമങ്ങളിലേക്കിറങ്ങി. മൂന്നു പതിറ്റാണ്ട് പിന്നിടുമ്പോള്‍ നാലഞ്ച് ഗ്രാമങ്ങളുടെ രക്ഷകയുടെ റോളാണ് ഈ മലയാളി വീട്ടമ്മയ്ക്ക്.

വിദ്യാര്‍ത്ഥികള്‍ വഴി ഗ്രാമങ്ങളിലേക്ക്
ബിഹാറിലെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സാമൂഹിക പ്രവര്‍ത്തനം നിര്‍ബന്ധമാക്കിയ കാലത്താണ് വിജയം കേരളസമാജം സ്‌കൂളില്‍ പ്രിന്‍സിപ്പലാവുന്നത്. പുതിയ പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നിലൊരു നിര്‍ദേശം വെച്ചു. ''നമുക്കൊരു ഗ്രാമം ദത്തെടുക്കാം. അവിടെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താം''. അങ്ങനെ ടീച്ചറും കുട്ടികളും കൂടി സൈമുണ്‍ഗംഗയെന്ന ഗ്രാമത്തിലെത്തി. നെല്‍കൃഷി മാത്രമായിരുന്നു അവിടത്തെ വരുമാനമാര്‍ഗം. ആനയിറങ്ങി കൃഷി നശിപ്പിക്കുന്നത് പേടിച്ച് മറ്റു കൃഷികളൊന്നും നടത്താന്‍ ഗ്രാമീണര്‍ ശ്രമിച്ചില്ല. 'അവര്‍ക്ക് സ്വയം തൊഴില്‍ പരിശീലനം നല്‍കിയാല്‍ നന്നാവുമെന്നു തോന്നി. അങ്ങനെ ഞങ്ങളവരെ മെഴുകുതിരിയും ചന്ദനത്തിരിയും നിര്‍മിക്കാന്‍ പഠിപ്പിച്ചു. കോഴിവളര്‍ത്തലും കൂണ്‍കൃഷിയും പരിശീലിപ്പിച്ചു. ആദ്യമൊക്കെ അവര്‍ ഞങ്ങളെ സംശയത്തോടെയാണ് നോക്കിനിന്നത്. പട്ടണത്തില്‍ നിന്ന് വരുന്നവരൊക്കെ ചൂഷണത്തിനെത്തുന്നവരാണെന്നായിരുന്നു അവരുടെ ധാരണ. പതുക്കെ ഞങ്ങളവര്‍ക്ക് പ്രിയപ്പെട്ടവരായി. അവര്‍ക്ക് കാര്യമായ വരുമാനവും കിട്ടിത്തുടങ്ങി.

സൈമുണ്‍ഗംഗയിലെ അനുഭവങ്ങളില്‍ നിന്നാണ് വിജയം മറ്റു ഗ്രാമങ്ങളിലേക്ക് ശ്രദ്ധതിരിച്ചത്. അവര്‍ കുട്ടികളുമൊത്ത് ഉള്‍ഗ്രാമങ്ങളിലും തെരുവുകളിലുമൊക്കെ സര്‍വേ നടത്തി. തെരുവില്‍ വളരുന്ന കുട്ടികളൊന്നും പഠിക്കുന്നില്ലെന്നറിഞ്ഞതോടെ അവരെയെങ്ങനെ സ്‌കൂളിലെത്തിക്കാമെന്നായി ചിന്ത. പണി വിട്ട് അവര്‍ പഠിക്കാന്‍വരുമോ? കേരളസമാജം സ്‌കൂള്‍ മാനേജ്‌മെന്റിനു മുന്നില്‍ ടീച്ചറൊരു നിര്‍ദേശം വെച്ചു; തെരുവുകുട്ടികള്‍ക്ക് മാത്രമായി സ്‌കൂളിലൊരു ബാച്ച് തുടങ്ങാന്‍. അങ്ങനെ ബിഹാറിലൊരു സ്‌കൂളില്‍ ആദ്യമായി തെരുവുകുട്ടികള്‍ക്ക് മാത്രമായൊരു ബാച്ച്. ഉച്ചയ്ക്കു ശേഷമായിരുന്നു ക്ലാസ്. പണിക്കു പോകുന്ന കുട്ടികള്‍ ഉച്ചയോടെ ജോലിയൊക്കെ തീര്‍ത്ത് സ്‌കൂളില്‍ ഓടിയെത്തും. പെണ്‍കുട്ടികള്‍ക്കായിരുന്നു പഠിക്കാന്‍ ഏറെ ആവേശം.

ഞങ്ങളവരെ കഥയും കവിതയുമൊക്കെ പഠിപ്പിച്ചു. ഒരു ദിവസമൊരു അനുഭവമുണ്ടായി. ഒരു പെണ്‍കുട്ടി ക്ലാസില്‍ തലകറങ്ങി വീണു. രണ്ടു ദിവസമായി അവളൊന്നും കഴിച്ചിട്ടില്ലായിരുന്നു. കായ്കനികളൊക്കെ കഴിച്ചാണ് മിക്ക കുട്ടികളും സ്‌കൂളിലെത്തുന്നതെന്ന് അന്നാണ് മനസ്സിലായത്. തുടര്‍ന്ന് ഞങ്ങളവര്‍ക്ക് ഉച്ചക്കഞ്ഞി ഏര്‍പ്പെടുത്തി. ലോകബാങ്കിന്റെയും യൂണിസെഫിന്റെയും പ്രതിനിധികള്‍ ഈ മാതൃകാ സ്‌കൂള്‍ സന്ദര്‍ശിക്കാനെത്തി. ജാര്‍ഖണ്ഡ് എസ്.എസ്.എ.യും ടീച്ചറുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു.

വിദ്യാര്‍ഥികള്‍ക്ക് പരിസ്ഥിതിയോട് ഇഷ്ടമുണ്ടാക്കാനായി ടീച്ചറുടെ അടുത്ത ശ്രമം. അവര്‍ കുട്ടികളെയും കൊണ്ട് ഗ്രാമങ്ങളിലെ മൊട്ടക്കുന്നുകളിലേക്ക് നീങ്ങി. അവിടെ പ്ലാവും പുളിയുമൊക്കെ നട്ടു. അഞ്ചു ഗ്രാമങ്ങളിലേക്ക് പരിസ്ഥിതി പ്രവര്‍ത്തനം നീണ്ടു. തുടര്‍ന്ന് കേരളസമാജത്തിന്റെ ഏഴു സ്‌കൂളുകളിലും മരങ്ങളുടെ സംരക്ഷണത്തിന് ഇക്കോ ക്ലബ്ബുകളുണ്ടാക്കി. ഇപ്പോള്‍ ജാര്‍ഖണ്ഡിലെ മുഴുവന്‍ സ്‌കൂളുകളിലും ടീച്ചറുടെ മാതൃക പിന്‍തുടര്‍ന്ന് ഇക്കോ ക്ലബ്ബുകളായി. പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റിന്റെ ഗ്രീന്‍ സ്‌കൂള്‍ അവാര്‍ഡും ലഭിച്ചു.

ഭീഷണിക്കള്‍ക്കുമുന്നില്‍ പതറാതെ
ഇപ്പോള്‍ ഝാര്‍ഖണ്ഡായി മാറിയ പഴയ ബിഹാറിന്റെ ഉള്‍ഗ്രാമങ്ങളിലൊക്കെ വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തുക ഒട്ടും എളു പ്പമായിരുന്നില്ല. നക്‌സലുകളും മാവോയിസ്റ്റുകളും അടക്കിവാണ ഗ്രാമങ്ങള്‍. ''ഒരിക്കല്‍ ബുനിയയിലെ സ്‌കൂളില്‍ നക്‌സല്‍ സംഘമെത്തി. നിങ്ങളുടെ കൈയും കാലും വെട്ടിയെടുക്കും. വേഗം സ്ഥലം വിട്ടോ എന്നായിരുന്നു അവരുടെ ഭീഷണി. ടീച്ചര്‍മാരൊക്കെ പേടിച്ചു വിരണ്ടു.

ഞാനവര്‍ക്ക് ധൈര്യം പകര്‍ന്നു. നക്‌സല്‍ഭീഷണി വിജയത്തിന് പിന്നീടൊരിക്കലും നേരിടേണ്ടി വന്നിട്ടില്ല. എന്നാല്‍ അഡ്മിഷനും പ്രമോഷനുമൊക്കെ നടക്കുന്ന സമയത്ത് സ്‌കൂളില്‍ ഭീഷണിയുടെ പ്രളയമാവും. ഗുണ്ടാ രാഷ്ട്രീയനേതാക്കളാണ് വില്ലന്മാരാവുന്നത്. ഒരിക്കല്‍ സ്ഥലത്തെ പ്രമുഖ ആര്‍.ജെ.ഡി. നേതാവിന്റെ മകള്‍ പതിനൊന്നാം ക്ലാസില്‍ തോറ്റു. രോഷാകുലനായ നേതാവ് സ്‌കൂളില്‍ ഓടിയെത്തി. അവളെ ജയിപ്പിക്കണമെന്നു പറഞ്ഞപ്പോള്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. അയാള്‍ കേരള സമാജം ട്രസ്റ്റ് ചെയര്‍മാന്‍ എ.പി.ആര്‍. നായരുടെ അടുത്തെത്തി. 'ഒറ്റ വെടിയുണ്ടയുടെ ചെലവേ എനിക്കുള്ളൂ. ആ സ്ത്രീയോട് പറഞ്ഞേക്ക്' എന്നു പറഞ്ഞ് ഇറങ്ങിപ്പോയി. പിന്നീടൊരിക്കല്‍ക്കൂടി അയാള്‍ വധഭീഷണിയുമായി നേരിട്ടെത്തി. ഞാനയാളെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി. നേതാവ് ഒന്നും മിണ്ടാതെ ടി.സി.യും വാങ്ങി ഇറങ്ങിപ്പോയി. പറയുന്നത് അനുസരിച്ചില്ലെങ്കില്‍ കേരളം കാണില്ലെന്ന ഭീഷണി പലവട്ടം കേട്ടിട്ടുണ്ട്. പക്ഷേ, എനിക്കൊരിക്കലും പേടി തോന്നിയിട്ടില്ല.

ഇപ്പോള്‍ ദിവസം മുഴുവന്‍ ഗ്രാമീണരുടെയും വിദ്യാര്‍ഥികളുടെയും ഇടയിലാണ് വിജയം. രാവിലെ വീട്ടില്‍നിന്നിറങ്ങും. പലപ്പോഴും പത്തുനൂറു കിലോമീറ്റര്‍ ദൂരെയുള്ള ഗ്രാമങ്ങളിലേക്കാവും യാത്ര. ''ബുനി എന്നൊരു ഗ്രാമത്തില്‍ ആദിവാസികള്‍ക്കായി ഞങ്ങളൊരു സ്‌കൂള്‍ നടത്തുന്നുണ്ട്. വീട്ടില്‍ നിന്ന് 75 കിലോമീറ്റര്‍ ദൂരമുണ്ട്. രാവിലെയിറങ്ങിയാല്‍ ചെളി നിറഞ്ഞ പാതയിലൂടെ ഉച്ചയാവും അവിടെയെത്താന്‍. മഴയെങ്ങാനും പെയ്താല്‍പിന്നെ തിരിച്ചുവരുന്നതിനെപ്പറ്റി ചിന്തിക്കേണ്ടതില്ല. എന്നാലും ഇടയ്ക്കിടെ ഞാനവിടെ പോകും. സ്ഥിരമായി കണ്ടില്ലെങ്കില്‍ പിന്നെ ഗ്രാമീണരോട് കാരണം പറയാനേ നേരമുണ്ടാകൂ''. അതുകൊണ്ടുതന്നെയാണ് വര്‍ഷത്തിലൊരിക്കല്‍ ആലുവ പൂക്കാട്ടുപടിയിലെ വീട്ടിലെത്തിയാലും രണ്ടു മൂന്നു ദിവസംകൊണ്ട് ടീച്ചര്‍ തിരിച്ചുപോവുന്നത്.

http://mb4eves.com(mathrubhumi eves)

No comments:

Post a Comment