Search This Blog

Thursday, August 6, 2009

"അത്‌ലറ്റില്‍നിന്ന്‌ അഭിസാരികയിലേക്ക്‌ ''നിഷാ ഷെട്ടിയുടെ കഥ!




റായ്‌പുര്‍: ക്രിക്കറ്റ്‌ താരങ്ങള്‍ക്ക്‌ ഇ-ക്ലാസ്‌ ബെന്‍സുകളും പോഷ്‌ വില്ലകളും നല്‍കി തോളിലേറ്റി നടക്കുന്ന ഇന്ത്യ മറ്റു കായികതാരങ്ങളെ കാണുന്നതെങ്ങനെ എന്നതിനേപ്പറ്റി അറിയാന്‍ ഛത്തീസ്‌ഗഡിലെ ജയിലിലേക്കു വരുക. വേശ്യാവൃത്തിക്കു പിടിയിലായി ജാമ്യത്തിനു പതിനായിരം രൂപ പോലും കെട്ടിവയ്‌ക്കാനില്ലാതെ ഇരുമ്പഴികള്‍ക്കു പിന്നിലേക്കു തള്ളപ്പെട്ട ഒരു പെണ്‍കുട്ടിയുണ്ട്‌ ഇവിടെ. ഈ പെണ്‍കുട്ടിയുടെ മുഖം നമ്മള്‍ മുമ്പു കണ്ടിട്ടുണ്ട്‌.

പൂനയില്‍ നടന്ന ദേശീയ അത്‌ലറ്റിക്‌ മീറ്റില്‍ വെള്ളിമെഡല്‍ നേടി പോഡിയത്തില്‍ അഭിമാനം തിളങ്ങുന്ന പുഞ്ചിരിയുമായി നിന്നത്‌ ഈ പെണ്‍കുട്ടിയാണ്‌ - നിഷാ ഷെട്ടി! റായ്‌പുരിലെ സമ്പന്നമേഖലയായ ദേവേന്ദ്ര നഗറില്‍ നിന്നു മറ്റു രണ്ടു പെണ്‍കുട്ടികളോടൊപ്പം ശനിയാഴ്‌ചയാണു നിഷ അറസ്‌റ്റിലായത്‌. അമ്പതിനായിരം രൂപയ്‌ക്കു മൂന്നു ബിസിനസുകാരോടൊപ്പം ഒരാഴ്‌ച ചെലവഴിക്കാനാണു നിഷയും കൂട്ടുകാരും ദേവേന്ദ്ര നഗറിലെത്തിയത്‌.

അറസ്‌റ്റ് ചെയ്‌ത പോലീസുകാരോടു നിഷ പറഞ്ഞ കഥകേട്ടു കായികലോകത്തിനു കുറഞ്ഞപക്ഷം നാണക്കേടെങ്കിലും തോന്നിയിട്ടുണ്ടാവണം. 1998-ലെ ദേശീയ ഗെയിംസില്‍ അത്‌ലറ്റിക്‌സില്‍ അസമിനെ പ്രതിനിധീകരിച്ച ഒരു പെണ്‍കുട്ടി അഭിസാരികയുടെ ലേബല്‍ നെറ്റിയിലൊട്ടിച്ചു സമൂഹത്തിനു മുന്നില്‍ മുഖം കുനിച്ചു നില്‍ക്കേണ്ടി വന്ന ഗതികേടിന്റെ കഥ-

ആറുവര്‍ഷം മുമ്പാണു നിഷ പുനെ അത്‌ലറ്റിക്‌ മീറ്റില്‍ ഹൈജമ്പിനു വെള്ളിമെഡല്‍ നേടുന്നത്‌.. ഫുട്‌ബോളില്‍ അസമിനെ പ്രതിനിധീകരിച്ചു മല്‍സരത്തിനെത്തിയ സുനില്‍ഷെട്ടിയുമായി അന്നത്തെ ഇരുപതുകാരി പ്രണയത്തിലാകുന്നതും ഇവിടെ വച്ചു തന്നെ. സുനിലുമായുള്ള പ്രണയം നിഷയുടെ വീട്ടുകാര്‍ക്ക്‌ ഇഷ്‌ടമായിരുന്നില്ല. എല്ലാ എതിര്‍പ്പുകളേയും അവഗണിച്ച്‌ ആ പ്രണയം വിവാഹത്തിലെത്തി. ഒരു വര്‍ഷത്തിനു ശേഷം അവര്‍ക്കൊരു പെണ്‍കുഞ്ഞ്‌ പിറന്നു. ജീവിതച്ചെലവു ക്രമീകരിക്കാന്‍ സുനിലിന്‌ ഒരു ജോലിയുടെ ആവശ്യമുണ്ടായിരുന്നു.

സര്‍ക്കാര്‍ ജോലിക്കായി നിരവധി വാതിലുകളില്‍ മുട്ടിയെങ്കിലും ഫുട്‌ബോളര്‍ എന്ന നിലയിലുള്ള മികവു പോലും ആ യുവാവിനെ തുണച്ചില്ല. കടുത്ത വിഷാദത്തിലേക്കു വഴുതിവീണ സുനില്‍ അഭയം പ്രാപിച്ചതു മദ്യത്തിലാണ്‌. മൂന്നു വര്‍ഷത്തിനു ശേഷം വൃക്കത്തകരാറിന്റെ രൂപത്തില്‍ മദ്യം സുനിലിന്റെ ജീവിതത്തിന്‌ അവസാനവാക്കെഴുതി.. വീട്ടുകാര്യങ്ങള്‍ മാത്രം നോക്കിയിരുന്ന നിഷയാവട്ടെ സുനിലിന്റെ മരണത്തോടെ ആകെത്തകര്‍ന്നു. 'സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ഒരു ജോലി ലഭിക്കുമെന്നു പ്രതീക്ഷിച്ചതാണു ഞങ്ങള്‍ക്കു പറ്റിയ തെറ്റ്‌...' കണ്ണീരോടെ നിഷ കോടതിക്കു മുന്നില്‍ മനസു തുറന്നു.തന്റേയും കുഞ്ഞിന്റേയും വിശപ്പകറ്റാന്‍ സര്‍ക്കാരിന്റേതല്ലെങ്കിലും നിഷയ്‌ക്ക് ഒരു ജോലി ആവശ്യമായിരുന്നു. പലയിടത്തും ജോലി അന്വേഷിച്ച ശേഷമാണു നിഷ ഒരു വര്‍ഷം മുംബൈയിലെത്തിയത്‌. മുംബൈയില്‍ അവളെ ഇരുകൈയും നീട്ടി സ്വീകരിച്ചതു സെക്‌സ് റാക്കറ്റായിരുന്നു. രാജ്യത്തിന്റെ അഭിമാനമായിരുന്ന കായികതാരം അഭിസാരികയുടെ മുല്ലപ്പൂമാല എടുത്തണിയാന്‍ നിര്‍ബന്ധിതയായി.

No comments:

Post a Comment