Search This Blog

Sunday, August 9, 2009

വായ്‌നോട്ടത്തിന്‌ ചെലവാക്കുന്നത്‌ 1 വര്‍ഷം



ലണ്ടന്‍: വായ്‌നോക്കാത്ത പുരുഷന്മാരുണ്ടാകുമോ? പുരുഷന്മാരോടാണ്‌ ഈ ചോദ്യം ചോദിക്കുന്നതെങ്കില്‍ എന്നാല്‍ അവന്‍ ആണായിരിക്കില്ല എന്നൊരു മറുപടിയേ തിരിച്ചു പ്രതീക്ഷിക്കേണ്ടതുള്ളു.

വായ്‌നോട്ടം എന്നത്‌ ആണുങ്ങളുടെ ഒരു അവകാശം പോലെയാണ്‌. കാണാന്‍ ചന്തമുള്ള പെണ്ണുങ്ങളെ നോക്കുക പറ്റുമെങ്കില്‍ വല്ല കമന്റും പറയുക ഇതൊക്കെ പൗരുഷത്തിന്റെ ലക്ഷണങ്ങളായി കരുതുന്നതവര്‍ കുറവല്ല. ചിലരാവട്ടെ സൗന്ദര്യം എവിടെക്കണ്ടാലും ആസ്വദിക്കണമെന്ന്‌ പറഞ്ഞ്‌ സ്വന്തം പ്രവൃത്തിയെ ന്യായീകരിക്കാറുമുണ്ട്‌.

കാര്യം എന്തൊക്കെയായാലും ഈ വായ്‌നോട്ടത്തിന്‌ വേണ്ടി പുരുഷന്മാര്‍ എത്രസമയം ചെലവഴിക്കുന്നുണ്ടെന്നറിയാമോ ആയുഷ്‌കാലം മൊത്തമെടുത്താന്‍ അതില്‍ ഒരു വര്‍ഷം മുഴുവന്‍ അവര്‍ വായ്‌നോട്ടത്തിനായി വിനിയോഗിക്കുന്നു.

ദിവസം ശരാശരി 43 മിനിറ്റെങ്കിലും സ്‌ത്രീകളെ വായ്‌നോക്കാനായി പുരുഷന്മാര്‍ ചെലവഴിക്കുന്നുവെന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. മാര്‍ക്ക്‌ അയര്‍ലണ്ടിലെ കൊഡാക്‌ വിഷന്‍ സെന്റേഴ്‌സ്‌ ആണ്‌ ഈ വിഷയത്തില്‍ പഠനം നടത്തിയത്‌.

വായ്‌നോട്ടം പുരുഷന്മാരുടെ മാത്രം കുത്തകയാണെന്നാണ്‌ കരുതിയിരിക്കുന്നതെങ്കില്‍ തെറ്റി. സ്‌ത്രീകളും ഇക്കാര്യത്തില്‍ കേമത്തികളാണ്‌. അവര്‍ ദിവസം ഇരുപത്‌ മിനിറ്റെങ്കിലും പുരുഷസൗന്ദര്യം ആസ്വദിക്കുന്നതിനായി ചെലവാക്കുന്നുണ്ട്‌. അതായത്‌ ഒരു ജീവിതകാലത്തില്‍ ആറുമാസം.

പ്രമുഖരായ പലവ്യക്തികളും സ്‌ത്രീ സൗന്ദര്യം ആസ്വദിക്കാന്‍ ചെലവാക്കുന്ന സമയംകൂടി തിട്ടപ്പെടുത്തിയാണ്‌ ഗവേഷകര്‍ ഇക്കാര്യത്തില്‍ പഠനം നടത്തിയത്‌. പ്രമുഖരുടെ കൂട്ടത്തില്‍ അമേരിക്കന്‍ പ്രസിഡന്റ്‌ സാക്ഷാല്‍ ബരാക്‌ ഒബാമ മുതല്‍ ഫുട്‌ബോള്‍ താരം ഡേവിഡ്‌ ബക്കാം വരെയുണ്ട്‌.

പഠനം നടത്തുന്നതിന്‌ മുമ്പ്‌ ഗവേഷകര്‍ കരുതിയിരുന്നത്‌ 18നും 50നും ഇടയിലുള്ള പുരുഷന്മാരാണ്‌ വായ്‌നോട്ടത്തിന്റെ കാര്യത്തില്‍ മുന്നില്‍നില്‍ക്കുന്നതെന്നായിരുന്നു. എന്നാല്‍ പഠനശേഷമാണ്‌ 16കാര്‍ മുതല്‍ 60കഴിഞ്ഞ അപ്പൂപ്പന്മാര്‍ വരെ ഇക്കാര്യത്തില്‍ കേമന്മാരാണെന്ന്‌ തെളിഞ്ഞത്‌.

പഠനത്തിന്റെ ഭാഗമായി നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്ത 3000 ബ്രിട്ടീഷ്‌ പുരുഷന്മാര്‍ പറഞ്ഞത്‌ സൂപ്പര്‍മാര്‍ക്കറ്റ്‌, പബ്ബുകള്‍, നൈറ്റ്‌ ക്ലബ്‌, തുടങ്ങിയ സ്ഥലങ്ങളാണ്‌ സ്‌ത്രീ സൗന്ദര്യം ആസ്വദിക്കാന്‍ ഏറ്റവും പറ്റിയ സ്ഥലങ്ങളെന്നാണ്‌. ഇവിടത്തെ സ്‌ത്രീകളാവട്ടെ ബാറുകളില്‍ വച്ചാണ്‌ ഏറ്റവും കൂടുതല്‍ വായ്‌നോട്ടം നടത്തുന്നത്‌.

സ്‌ത്രീകള്‍ പറയുന്നത്‌ പലപ്പോഴും ഏറ്റവും ആകര്‍ഷകമായി തോന്നാറുള്ളത്‌ പുരുഷന്മാരുടെ കണ്ണുകളാണെന്നാണ്‌. എന്നാല്‍ പുരുഷന്മാരെ ആകര്‍ഷിക്കുന്നത്‌ എന്താണെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട സ്‌ത്രീകളുടെ ശരീരം തന്നെ.

വായ്‌നോട്ടമൊക്കെ നടത്തുമെങ്കിലും ഇത്‌ തങ്ങളുടെ കുടുംബബന്ധങ്ങള്‍ തകരാന്‍ ഇടയാക്കുമെന്നതിനെക്കുറിച്ച്‌ ഇവരെല്ലാം ബോധവാന്മാരും ബോധവതികളുമാണ്‌. അതുകൊണ്ട്‌ തന്നെ പലരും പറയുന്നത്‌ ഒരു രസത്തിന്‌ വായ്‌നോട്ടമൊക്കെ ആകാമെങ്കിലും ഒരു ലിമിറ്റ്‌ വിട്ടുള്ള കളിയൊന്നും ഇല്ലെന്നാണ്‌.

No comments:

Post a Comment